2010, മേയ് 25, ചൊവ്വാഴ്ച

ഗുണന പട്ടിക



കണക്കിൽ ഗുണനത്തിനോടാണുപ്രീയം......
പെരുപ്പിക്കലിന്റെ പ്രത്യയശാസ്ത്രം.......
ഉത്തരക്കടലാസ് തിരികെകിട്ടുമ്പോൾ,
അതിലധികവും ഗുണനചിഹ്നങ്ങളായിരുന്നു......

പ്രണയകാലത്ത്,സ്കൂളിന്റെചുവരുകളിൽ
വഴിവക്കിലെ കയ്യാലകളിൽ എല്ലാവരും-
അധികചിഹ്നമിട്ട് പ്രണയിനിയുടെ പേരെഴുതിയപ്പോൾ
ഞാന്മാത്രം അതിനും ഗുണനചിഹ്ന്മുപയോഗിച്ചു......
ഓരോതവണയും പേരുകൾമാറിയെങ്കിലും,
എഴുതാൻ ചോക്കും,ചെങ്കല്ലും,കമ്യൂണിസ്റ്റ് പച്ചയും,
മാറി മാറി ഉപയോഗിച്ചെങ്കിലും
ഗുണനചിഹ്നം മാത്രം മാറാതെസൂക്ഷിച്ചു......


ഭാഷാക്ലാസുകളിൽ വിപരീതപദങ്ങളെമാത്രം സ്നേഹിച്ചു.....
വർഷാന്ദ്യപരീക്ഷകഴിഞ്ഞുപിരിയുമ്പോൾ
പ്രണയം നിരസിച്ചവളുടെ ഉടുപ്പിൽ മഷികുടഞ്ഞതും-
ഗുണനചിഹ്നത്തിലായിരുന്നു........
ചാരായത്തിന്റെ ലഹരിയിൽ കാലും കയ്യുംവിരിച്ച്
കമിഴ്ന്നുറങ്ങുന്ന അച്ഛനുഗുണനചിഹ്നത്തിന്റെ ശേലുണ്ടായിരുന്നു.....
എളിയിൽ കയ്യൂന്നി ഏങ്ങിവലിച്ച് അടുപ്പൂതുന്ന
അമ്മ മാത്രം അധികപറ്റായി.........


ഇപ്പോഴും ഞാൻ ഗുണനത്തെ സ്നേഹിക്കുന്നു.........
ദിർഹം രൂപയാക്കാൻ..........
കടം വാങ്ങിയതിന്റെ പലിശ നോക്കാൻ.............


സുനിലൻ കളീക്കൽ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ