2011, ജനുവരി 25, ചൊവ്വാഴ്ച

......പുരമേയുന്നന്ന് ......

കോട്ടേലപ്പൂപ്പാ... മഴയൊന്നും പെയ്തേക്കല്ലേ..എന്ന
അമ്മപെങ്ങന്മാരുടെ പ്രാർത്ഥനയോടെ
പുരകെട്ടിമേച്ചിൽ തുടങ്ങും....

അടുപ്പും,അരകല്ലുമൊഴിച്ച് എടുത്തുമാറ്റാവുന്ന
സ്ഥാവര ജംഗമങ്ങളെല്ലാം
വടക്കേ അയ്യത്ത് നിരാലംബരാകും..

പകലും നക്ഷത്രങ്ങളേ കാട്ടിത്തന്ന മേൽക്കൂര
വിരുന്നുകാർ വന്ന വീട്ടിലെ കോഴിയേപ്പോലെ
തൂവൽ പൊഴിക്കും....

കാണാതെ പോയചീപ്പ് മുതൽ
ചേച്ചിക്കാരോ കൊടുത്ത പ്രേമലേഖനം വരെ
കണ്ടെടുക്കപ്പെടും....

മൺഭിത്തിയുടെ വിടവുകളിലിരുന്ന്
പല്ലിമുട്ടകൾ അന്നാദ്യമായി ആകാശം കാണും

ഊറാൻ തിന്ന് ഉള്ളുപൊടിഞ്ഞ കഴുക്കോൽ
അടുത്ത മേച്ചിലിന്‌ മാറ്റണമെന്ന്
അച്ഛനാരോടോ അഭിപ്രായം പറയും

ഇഴക്കയറും,മുറുക്കാനും വാങ്ങാനായി
ഞാനന്ന് ഇല്ലാത്ത വണ്ടിയേറിപ്പായും..

ഉത്തരത്തിന്മേലിരിക്കുന്ന ഏട്ടന്‌
സൂര്യൻ മറ്റൊരുനാളുമില്ലാത്ത ദിവ്യപ്രഭ നൽകും.

മെടഞ്ഞടുക്കിയിരിക്കുന്ന ഓലകൾക്കിടയിൽ നിന്ന്
ഒരരണ... ഓടിയടുത്ത് വന്നിട്ട്
കടിക്കാൻ മറന്ന് തിരിച്ചുപോകും..

പുകയിറ കുടഞ്ഞുകളഞ്ഞ്,ഒരു പഴോല
പുത്തോലയേ പുണർന്ന് ആകാശത്തേക്ക് പറക്കും.

കുഞ്ഞുങ്ങളുറങ്ങുന്ന മരച്ചോട്ടിൽ അടുപ്പ് പുകച്ചതിന്‌
മരത്തിലിരുന്നൊരണ്ണാൻ അമ്മയേ
ഛിൽ ഛിൽ ഛിൽ എന്നു ചീത്തപറയും

വാരി വെട്ടിയൊതുക്കി ചാണകം മെഴുകിയ
എന്റെ ഓലപ്പുര
പായൽ പിടിച്ച ഓടുകളും
ചവിട്ടടി പതിഞ്ഞ സിമന്റ് തറകളുമുള്ള
അയൽ വീടുകളേ നോക്കി
കൊഞ്ഞനം കുത്തും..

2 അഭിപ്രായങ്ങൾ: